Monday, September 8, 2008

അപ്പൂപ്പന്‍ താടികള്‍ പോലെയാണീ ജീവിതവും.......

ചുറ്റുമുള്ള ഒരുപാടു പേരെപ്പോലെ മറ്റൊരാള്‍....
രാത്രികളില്‍ ഒറ്റയ്ക്കിരുന്നു മെലഡികള്‍ കേള്‍ക്കാന്‍ ഇഷ്ടം...
അപ്പോള്‍ മാനത്ത് കൂട്ടിനു നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം മാത്രം...
ചില പാട്ടുകള്‍ കേട്ടാലും കേട്ടലും മതി വരില്ല, അതെന്താണങ്ങനെയെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.!
രാഗങ്ങളേറെയെങ്കിലും; അനുരാഗമാണെനിക്കേറെയിഷ്ടം. സുന്ദരിമാരേറെയെങ്കിലും,സഖീ നിന്നെയണെനിക്കേറെയിഷ്ടം....

അപ്പൂപ്പന്‍ താടികള്‍ പോലെയാണീ ജീവിതവും.......
എത്ര ഭംഗിയാണവക്ക്,യാതൊരു ഭാരങ്ങളുമില്ലാതെ ഇങ്ങനെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പാറി പാറി നടക്കാ‍ന്‍ അവയ്ക്കാകുന്നു.എനിക്കും അങ്ങനെ ആകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് പലപ്പോഴും ഞാനാശിക്കാറുണ്ട്!

മഴ...എനിക്കിഷ്ടമാണു മഴയെന്നോ?ഇഷ്ടം എന്നു പറഞ്ഞാല്‍ പോര,അതൊരുതരം പ്രണയം തന്നെയാണ്.നീണ്ട ഈറന്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടി വരുന്ന ഒരു പെണ്‍ കുട്ടിയോട് തോന്നുന്ന അതേ ഇഷ്ടം എനിക്ക് മഴയോടും ഉണ്ടാവാറുണ്ട്.ഇന്നും മഴയെന്നാ‍ല്‍ ഒരു കൊച്ചു കുട്ടിയുടെ കൗതുകം ആണെനിക്ക്.ഇപ്പോളും മഴ പെയ്താല്‍ ഒരു കൊച്ചു കുട്ടിയുടെ ആഹ്ലാദത്തോടേ ഞാന്‍ മഴ നനയാറുണ്ട്.അമ്മ ചോദിക്കും, എടാ നിനക്ക് വേറെ പണിയില്ലേ എന്നൊക്കെ, പക്ഷെ...പുതുമഴയേറ്റ മണ്ണിന്റെ ഗന്ധം എത്ര സുന്ദരമാണെന്നോ!

അമ്മ പറയും ആ ഗന്ധം സര്‍പ്പങ്ങള്‍ക്കിഷ്ടമാണെന്ന്.പുതുമഴ നനഞ്ഞാല്‍ പനിപിടിക്കും എന്നു പറഞ്ഞു വഴക്കുകള്‍ കേട്ട അവസരങ്ങള്‍ അനവധി.എങ്കിലും അമ്മയുടെ കണ്ണു വെട്ടിച്ച് വീണ്ടും മഴ നനയും,അതൊരു രസമാണെ!പണ്ട് എന്റെ നോട്ടുബുക്കിലെ താളുകള്‍ പലതും കടലാസ്സു തോണികളാക്കിയിരുന്നു.

മഴയൊഴിഞ്ഞ നേരത്ത് വയലുകളില്‍ വിരുന്നിനു പോകാറുണ്ട്‌ ഞാന്‍.അവിടെ പുഴയുടെ തീരത്തിരുന്ന് കിളികളോട്‌ കിന്നാരം പറയാറുണ്ട്,അപ്പോള്‍ ഇളം കാറ്റ്‌ വന്നെന്നോട്‌ കിന്നാരം ചൊല്ലാറുണ്ട്‌!

സുകൂള്‍ എന്നാല്‍ ആദ്യം ഓര്‍മ്മ വരുന്നത് എന്റെ padanilam hss.


.ഒരോമഴക്കാലവും സമ്മാനമായി നല്‍കുന്ന കൊച്ചു ജലദോഷങ്ങള്‍.അതു കാരണം സ്കൂളില്‍ പോകാത്ത ദിനങ്ങള്‍.കൊച്ച് കൊച്ച് കുസൃതികള്‍ക്കായി ടീച്ചര്‍മാരുടെ കൈയ്യില്‍ നിന്നും കിട്ടിയിരിക്കുന്ന ചൂരല്‍ കഷായങ്ങള്‍ ഇന്നും കൈയ്യില്‍ മായാതെയുണ്ടോ?

എന്റെ കുഞ്ഞിക്കൈ ഒരിക്കല്‍ അടിയേറ്റ് നീരു വെച്ചു.അമ്മയോട് എങ്ങനാ സത്യം പറയുക?അതിനാല്‍ ബസ്സില്‍ കൈയ്യിടിച്ചതാണെന്ന് ഒരു നുണ തട്ടിവിട്ടു. അന്നും ഇന്നും അതോര്‍ത്ത് ഞാന്‍ സങ്കടപ്പെടാറുണ്ട്.

എന്റെ പ്രണയങ്ങള്‍ ഒക്കെ ഞാന്‍ പറഞ്ഞല്ലോ, എന്നാല്‍ ഇതൂടി കേട്ടോളൂ
പ്രണയം:
ഒരു നാള്‍ എന്റെ ഹൃദയത്തിന്റെ ചുവപ്പു നീ അറിയും
അന്നെന്റെ രക്തം കൊണ്ട് മേഘങ്ങള്‍ ചുവക്കും
എന്റെ നിശ്വാസത്തിന്‍ കാറ്റില്‍ ചുവന്ന മഴയായ് അതു പെയ്തു വീഴും
അന്നു ഭൂമിയിലെ പൂക്കളായ പൂക്കളെല്ലാം ചുവന്നു പൂക്കും!
അപ്പോഴേയ്ക്കും,ഒരു പക്ഷേ ഞാന്‍ മറ്റൊരു പൂവായി മാറിയിരിക്കും!

കൊച്ചു കൊച്ചു പിണക്കങള്‍,അതെനിക്കും ഉണ്ട്.എന്റെ കൂട്ടുകാര്‍,അവരെനിക്ക് പിണങ്ങുവാന്‍ വേണ്ടിയുള്ളവരാണ്,ഇണങ്ങുവാന്‍ വേണ്ടിയല്ല!ക്ഷമാപണങ്ങള്‍ക്ക് ഞങ്ങള്‍ക്കിടയില്‍ സ്ഥാനമില്ല!

സന്ധ്യാ നേരങ്ങളില്‍ ഉണ്ടായിരുന്ന തിരുന്നക്കര ക്ഷേത്ര ദര്‍ശനം,അവിടുത്തെ ആല്‍മരം,അതിന്റെ ചുവട്ടിലെ സന്ധ്യകള്‍ ‍,അമ്പലപ്പടികളില്‍ ഉള്ള വിശ്രമം.ആ നേരങ്ങളില്‍ ചിലപ്പൊളൊക്കെ ഇളം കാറ്റ് വന്നെന്നെ തലോടിയകലാറുണ്ട്.

നിശാഗന്ധി പൂക്കുന്ന രാവുകള്‍ ആണേറെയിഷ്ടം.ഏകാന്തമായ രാത്രികള്‍ എന്തു കൊണ്ടും നല്ലതാണ്,എന്തോ ചേട്ടനോ അനിയനോ ഇല്ലാതെ ഒറ്റയ്ക്ക് വളര്‍ന്നതിനാലാവാം!

മുറ്റത്തെ മണലില്‍ കൂടി നിര നിരയായി പോകുന്ന കുഞ്ഞനുറുംപ്പകളൂടെ മാളം എവിടെയായിരിക്കും?

കുയിലിനൊപ്പം കൂവുക,കുയിലിനെ ദേഷ്യം പിടിപ്പിക്കുക,ഒടുവില്‍ കുയിലിനോടു തോറ്റുകൊടുക്കുക.

എന്റെ പ്രണയത്തെ ആരേയും അറിയിക്കാതെ എന്റെ മനസ്സില്‍ സൂക്ഷിക്കുക.

നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ തന്നെയാണ്.അങ്ങനെ എത്രയോ കണ്ണുനീര്‍ ഏറ്റു വാങ്ങിയിരുന്നു എന്റെ തലയിണ!

പരിഭവങ്ങളും,കുറ്റപ്പെടുത്തലുകളുമൊന്നുമില്ലാത്ത എന്റെ ഈ ലോകത്ത് ഇതുവരെ കണ്ടുമുട്ടിയിട്ടുള്ളവരോട്,ഇനി കണ്ടുമുട്ടാനിരിക്കുന്നവരോട്,
ഓര്‍മ്മിക്കാന്‍ സുഖമുള്ള നോവ് സമ്മാനിച്ച്
കടന്നു പോയിട്ടുള്ളവരോട്,അങ്ങനെയെല്ലാവരോടും ഒരേയൊരു വാക്ക്:

നിങ്ങള്‍ക്കായി ഞാന്‍ എന്റെ ആത്മാവില്‍ കരുതി വെച്ച സ്നേഹത്തിന്റെ ഒരു ഭാഗം ഉറവ വറ്റാതെ ഇന്നും ഒഴുകുകയാണ്.ഇനിയുള്ള ഒരോ നിമിഷങ്ങളിലും നിങ്ങളുടെ ഹൃദയത്തിന്റെ ഒരു കോണില്‍ ഞാന്‍ കാണുമെന്ന പ്രതീക്ഷയിലാണത്-

സ്വന്തം,
പ്രസാദ് .എസ്

2 comments:

Lathika subhash said...

അപ്പൂപ്പന്‍ താടി!
കുട്ടിക്കാലത്തെ ഓര്‍മ്മപ്പെടുത്താന്‍ പറ്റിയ വാക്ക്.
നന്നായി ഈ കുറിപ്പ്.
ഓണാശംസകള്‍!!!!!

Prasad said...

thank you